എറണാകുളം: ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വാര്‍ഡുതല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ തീരുമാനിച്ചു. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്കായി പതിനായിരം രൂപ വീതം അനുവദിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.
ഡെങ്കിപ്പനി, എലിപ്പനി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം പിടിപെട്ടാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍പ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ബോധവത്ക്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.
ജലജന്യരോഗ ബാധക്ക് സാധ്യത കൂടുതലുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സ്വയം ചികിത്സ ഒഴിവാക്കണം. തൊഴിലുറപ്പ് ജോലിയിലുള്ളവരും വെള്ളക്കെട്ടില്‍ പണി എടുക്കുന്നവരും ക്ഷീരകര്‍ഷകര്‍, കര്‍ഷകര്‍ എന്നിവര്‍ എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കണം. വീടുകളിലും ഓഫീസുകളിലും ഡ്രൈഡേ ആചരണം ഉറപ്പാക്കണം.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രാദേശിക തലത്തില്‍ രോഗപ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കും. ഭക്ഷണശാലകള്‍, അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
കാലവര്‍ഷം മുന്നില്‍ക്കണ്ട് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പ്രാദേശികമായി ലഭ്യമാക്കാന്‍ കഴിയുന്ന ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ തയ്യാറാക്കണം. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്, അഡീഷണല്‍ ഡി.എം.ഒ എസ്. ശ്രീദേവി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


