പെരുമ്പാവൂര്‍: വിദ്യാര്‍ത്ഥികളുടെ അമിതമായ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി മണ്ഡലത്തിലെ സ്കൂളുകളില്‍ നടപ്പിലാക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഇതിനായി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ അവാര്‍ഡ് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും 100% വിജയം നേടിയ സ്കൂളുകളെയും ചടങ്ങില്‍ ആദരിച്ചു. 600 വിദ്യാര്‍ഥികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രണ്ട് ഘട്ടമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
നഗരസഭ ചെയര്മാന് ടിഎം സക്കീര്‍ ഹുസൈന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ എന്നിവര്‍ ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു.


