മാങ്കാംകുഴി: മാവേലിക്കര താലൂക്കിലെ പ്രധാന ടൗണുകളിലൊന്നായിട്ടും വികസനമില്ലാതെ മാങ്കാംകുഴി. കൊല്ലം- തേനി ദേശീയ പാതയുടെയും മാവേലിക്കര പത്തനംതിട്ട റോഡുകളുടെ സംഗമ സ്ഥലം കൂടിയായ മാങ്കാംകുഴി ജങ്ഷന് തഴക്കര പഞ്ചായത്തിന്റെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ വികസന മുരടിപ്പിന്റെ പിടിയിലാണ് പ്രദേശം.
കൊച്ചാലുംമൂട് വ്യവസായ കേന്ദ്രം, കോട്ടമുക്കിലെ ജില്ലാ കൃഷി തോട്ടം, വില്ലേജ് ഓഫീസ്, പഞ്ചായത്തു ഓഫീസ്, പഞ്ചായത്തു സ്റ്റേഡിയം എന്നിവയാണ് ഈ പ്രദേശത്തെ നിലവിലുള്ള സ്ഥാപനങ്ങള്‍. ജങ്ഷനില്‍ വ്യാപാര സ്ഥാപനങ്ങള്‍ നിരവധിയുണ്ടങ്കിലും ഭൂരിഭാഗവും വ്യാപാരം നടക്കാതെ പൂട്ടി പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോവിഡിന്റെ വരവോടെ കൂടി വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണെങ്കിലും ജങ്ഷന്റെ അടിസ്ഥാന വികസനം ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകണം. ഓട്ടോ, ടാക്സി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ പ്രത്യേക സ്ഥലം കണ്ടെത്തുകയും വ്യാപാര സ്ഥാപനങ്ങളുടെ മുന്‍പിലുള്ള അനധികൃത പാര്‍ക്കിങ് ഒഴിവാക്കാനും നടപടി സ്വീകരിക്കണം. നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും അധികാരികളുടെ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാകണമെന്ന് നാട്ടുകാരുടെ ആവശ്യം.
ശബരിമല തീര്‍ത്ഥാടന നാളുകളില്‍ പന്തളം കൊട്ടാരം, എരുമേലി എന്നീവിടങ്ങളിലേക്ക് യാത്രക്ക് തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാന റോഡിലെ ജങ്ഷന് കൂടിയാണ് മാങ്കാംകുഴി. പഞ്ചായത്തു പരിധിയിലുള്ള പള്ളിയറക്കാവ് ദേവീക്ഷേത്രം. രാമനല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രം. വെട്ടിയാര്‍ കത്തോലിക്കാ പള്ളി, വെട്ടിയാര്‍ നേര്‍ച്ച പ്പള്ളി, വെട്ടിയാര്‍ പടിഞ്ഞാറെ ജമാഅത്ത് പള്ളി എന്നീ ദേവാലയങ്ങള്‍ മാങ്കംകുഴിയോട് ചേര്‍ന്നു നില്ക്കുന്ന ദേവാലയങ്ങളാണ്.
മാത്രവുമല്ല മാങ്കാംകുഴി ചന്തക്ക് പഴമയുടെയും പ്രൗഢിയുടെയും ചരിത്ര കഥകള്‍ ഏറെയുണ്ട്. എന്നാല്‍ അധികൃതരുടെ അവഗണനയില്‍ തകര്‍ന്നടിഞ്ഞ ചന്തയാണ് ഇപ്പോള്‍ കാണാനാവുക. തഴക്കര പഞ്ചായത്തിന്റെ അധീനതയിലുള്ള ചന്ത പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഒരുകാലത്ത് കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞ ചന്ത ഇന്ന് ആളനക്കമില്ലാത്ത സ്ഥിതിയിലാണ്.
പച്ചക്കറികളും കാര്‍ഷിക വിഭവങ്ങളും ഇടനിലക്കാരില്ലാതെ വില്‍ക്കാനും വാങ്ങാനും ഏവരും തിരഞ്ഞെടുക്കുന്ന ചന്തയില്‍ മുന്‍കാലങ്ങളില്‍ അന്യ ജില്ലയില്‍ നിന്നു പോലും പച്ചക്കറി വ്യാപരികള്‍ ഈ മാര്‍ക്കറ്റ് ലക്ഷ്യമാക്കി വരാറുണ്ടായിരുന്നു. പത്തനംതിട്ട, ആറന്മുള തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടെ നിന്നും മൊത്ത വ്യാപരികള്‍ പച്ചക്കറി വാങ്ങി പോകുമായിരുന്നു. പാറക്കുളങ്ങര, വെട്ടിയാര്‍, വെണ്മണി, ആറന്നൂറ്റിമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പച്ചക്കറി വില്ക്കുവാന് ഈ മാര്‍ക്കറ്റിനെയാണ് ആശ്രയിച്ചിരുന്നത്. കാലങ്ങള്‍ മാറിയപ്പോള്‍ മാര്‍ക്കറ്റിന്റെ വികസനം നിലച്ചുപോയി.
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ജില്ല കൃഷിതോട്ടത്തില്‍ നിന്നും പച്ചക്കറി മൊത്തമായി ഈ മാര്‍ക്കറ്റില്‍ എത്തിച്ച് വിപണനം നടത്തുവാന്‍ കഴിയുന്ന നിലയില്‍ തീരുമാനമുണ്ടാകണമെന്ന് ആവശ്യമുയരുന്നുണ്ട്. കര്‍ഷകര്‍ സ്വന്തം കാര്‍ഷിക വിഭവങ്ങള്‍ മാര്‍ക്കറ്റിനുള്ളില്‍ വിപണനം നടത്തുവാന്‍ തയാറാകണം. ഇതിനായി കെട്ടിടങ്ങള്‍ നിര്‍മിച്ച് മത്സ്യം, മാംസം, പച്ചക്കറി എന്നീ വ്യാപരത്തിനു മാര്‍ക്കറ്റില്‍ മാത്രമേ ലൈസെന്‍സ് നല്‍കുമെന്ന് അധികൃതര്‍ തീരുമാനിച്ചാല്‍ ക്രമേണ മാര്‍ക്കറ്റിന്റെ വികസനം യാഥാര്‍ഥ്യമാകും. ഇതു മൂലം ജങ്ഷനിലെ ചെറുകിട കച്ചവടക്കാര്‍, ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്കും പഞ്ചായത്തിനും വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നും ചൂണ്ടികാട്ടുന്നു. ചന്തയിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാട്ടുന്നുവെന്ന് വ്യാപാരികള്‍ക്കും പരാതിയുണ്ട്.


