മൂവാറ്റുപുഴ: നഗര റോഡ് വികസനം വീണ്ടും സ്തംഭിച്ച സാഹചര്യത്തില്‍ റോഡ് വികസനത്തിലെ തടസ്സങ്ങള്‍ പരിഹരിക്കാന്‍ പുതിയനീക്കവുമായി സിപിഎം. വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഏകോപനം ഇല്ലായ്മയും റോഡ് നിര്‍മാണത്തിന് തടസ്സമാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിട്ട് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തര്‍ക്കപ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്താന്‍ തീരുമാനമായി. കെആര്‍എഫ്ബി, റവന്യു വകുപ്പ്, ജല അതോറിറ്റി വകുപ്പ്, കോണ്ട്രാക്ടര് എന്നിവര്‍ സംയുക്തമായി ചൊവ്വാഴ്ച തര്‍ക്ക പ്രദേശങ്ങളില്‍ പരിശോധന നടത്തും.
ശുദ്ധജല പൈപ്പുകള്‍ സ്ഥാപിക്കുന്നതില്‍ ജല അതോറിറ്റി കാലതാമസം സൃഷ്ടിക്കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി.കെ. ജയശ്രീയെ സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി റോഡ് വികസനത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ചേംബറുകള്‍ സ്ഥാപിക്കാത്തതാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്നതെന്നായിരുന്നു എന്‍ജിനീയറുടെ വിശദീകരണം.
ഇക്കാര്യം പരിഹരിക്കാന്‍ സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറും ആര്‍ഡിഒയുമായി ചര്‍ച്ച ചെയ്തതോടെയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായ സ്ഥല പരിശോധന നടത്താന്‍ തീരുമാനിച്ചത്. റോഡ് വികസനത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സിപിഎം ഏരിയ കമ്മിറ്റി ഇടപെടുമെന്നും പരിഹാരം ഉണ്ടാക്കുമെന്നും അനീഷ് എം. മാത്യു പറഞ്ഞു.
ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയറുമായി നടന്ന ചര്‍ച്ചയില്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ സി.കെ സോമന്, സജി ജോര്‍ജ്, കെ.ജി. അനില്‍കുമാര്‍, എം.ആര് പ്രഭാകരന് ടൗണ്‍ ലോക്കല്‍ സെക്രട്ടറി ബി. അജിത് കുമാര്‍ എസ്എഫ്ഐ ജില്ലാ സെകട്ടറിയേറ്റ് അംഗം അഖില്‍ പ്രാകാശ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പിഎം ഇബ്രഹിം എന്നിവര്‍ പങ്കെടുത്തു.