നരിയാപുരം: ശബരിമലയില്‍ യുവതീ പ്രവേശനമാവാം എന്ന ഇടതു സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം തിരുത്തില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ശബരിമലയെ വീണ്ടും കലാപ ഭൂമിയാക്കുമെന്ന് കെ. സുരേന്ദ്രന്. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി നരിയാപുരത്ത് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ. സുരേന്ദ്രന്.
ശബരിമലയെ തകര്‍ക്കാനുള്ള നീക്കം സിപിഎം തുടരുകയാണെങ്കില്‍ വീണ്ടും പ്രക്ഷോഭം തുടങ്ങും. വിശ്വാസികള്‍ക്ക് വേണ്ടി വീണ്ടും മുമ്പില്‍ നിന്നു സമരം ചെയ്യാന്‍ തയ്യാറാണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ രാഷ്ട്രീയക്കാരില്‍ നിന്നും ശബരിമലയെ മോചിപ്പിക്കും. കേന്ദ്ര പദ്ധതികള്‍ കോന്നിയിലെ ജനങ്ങളില്‍ എത്തിക്കുന്നതിനായിരിക്കും വിജയിച്ചാല്‍ ആദ്യം ശ്രമിക്കുകയെന്നും കെ. സുരേന്ദ്രന് പറഞ്ഞു.