ഇരവിപുരം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. വടക്കേവിള- മണക്കാട് മണ്ഡലങ്ങളുടെ കണ്‍വന്‍ഷനിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് കെപിസിസി വൈസ് പ്രസിഡന്റ് മോഹന്‍ ശങ്കറാണ് ഉദ്ഘാടനം ചെയ്തത്.
മണക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായി രാജീവ് പാലത്തറയെ തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മുന്‍ മണ്ഡലം പ്രസിഡന്റ് മണികണ്ഠനും സംഘവും ആക്രോശത്തോടെ കണ്വന്ഷന് ഹാളിലേക്ക് ഇടിച്ചുകയറി ഉദ്ഘാടകന്റെ മുന്നില്‍ കൈയാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലത്തറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജയിച്ച അനീഷും സംഘവുമടങ്ങുന്ന ബിജെപിക്കാരാണ് മണികണ്ഠനൊപ്പം കൈയേറ്റം നടത്തിയെന്നത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് ഇരട്ട പ്രഹരമായി. കൈയാങ്കളി നടക്കുന്നതിനിടെ കണ്വന്ഷന് ഹാളിലേക്കു വന്ന യൂഡിഎഫ് സ്ഥാനാര്‍ഥി ബാബു ദിവാകരന് സംസാരിക്കാതെ തിരികെപ്പോയി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലത്തറ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന രാജീവ് പാലത്തറയെ തോല്‍പ്പിക്കാന്‍ മുന്‍ മണ്ഡലം പ്രസിഡന്റായ മണികണ്ഠന് ശ്രമിച്ചു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് കൈയാങ്കളിയുണ്ടായത്.
മണികണ്ഠനും ഗുണ്ടകളും കൈയാങ്കളി നടത്തുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ മുന്‍ മണ്ഡലം പ്രസിഡന്റ് ഷാസലിമും യൂത്ത് കോണ്‍ഗ്രസ് വടക്കേവിള ബ്ലോക്ക് സെക്രട്ടറി അഫസ്ലും കൂട്ടരും തമ്മില്‍ വേദിയുടെ മറുഭാഗത്ത് കൈയേറ്റമുണ്ടായി. ഇത് മോഹന്‍ശങ്കറിനെ ഉള്‍പ്പെടെയുള്ള നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം ഒരു വിഭാഗം മാറിനില്‍ക്കുകയാണ്. കിളികൊല്ലൂര്‍ മണ്ഡലം കണ്‍വന്‍ഷനിലും കടുത്ത വിഭാഗീയത മറനീക്കി പുറത്തുവന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ തെരഞ്ഞെടുപ്പിനു മുന്നേ തന്നെ തോല്‍വി ഉറപ്പിച്ചതു പോലെയാണ്.


