പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ നഗരത്തിന്റെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായി അവതരിപ്പിക്കപ്പെട്ട ഇരിങ്ങോള്‍ വല്ലം റിംഗ് റോഡിന്റെ സര്‍വ്വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സര്‍വ്വേ നടക്കുന്ന പ്രദേശത്തിന് സമീപമുള്ള വ്യക്തികള്‍ കഴിഞ്ഞ ദിവസം പണികള്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച്ച എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിന് ശേഷം വസ്തുതകള്‍ ബോധ്യപ്പെടുത്തി നിര്‍മ്മാണം പുനരംഭിക്കുവാനാണ് തീരുമാനം.
പദ്ധതി പ്രദേശത്ത് പാലങ്ങളും കലുങ്കുകളും ആവശ്യമായി വരുന്ന സ്ഥലങ്ങളില്‍ മണ്ണ് പരിശോധനയും പദ്ധതിയുടെ പുതുക്കിയ അലൈന്മെന്റ് രേഖപ്പെടുത്തുന്ന നടപടികളുമാണ് രണ്ടാം ഘട്ട സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കെ.എസ്.ആര്.ടി.സിക്ക് സമീപമുള്ള പെരുമ്പാവൂര്‍ രായമംഗലം റോഡിന്റെ മുനിസിപ്പല്‍ അതിര്‍ത്തി പ്രദേശത്ത് നിന്നാണ് പദ്ധതി ആരംഭിക്കുന്നത്. ഇവിടെ നിന്ന് ഇരിങ്ങോള്‍ കാവിന്റെ സമീപത്ത് കൂടി കടന്ന് ആലുവ മൂന്നാര്‍ റോഡില്‍ റോട്ടറി ക്ലബ്ബിന്റെ പരിസരത്ത് റോഡ് എത്തും. തുടര്‍ന്ന് അവിടെ നിന്ന് ഐമുറി റോഡ് റോഡിലെ മുനിസിപ്പല്‍ അതിര്‍ത്തി പ്രദേശത്തിലൂടെ പ്രഗതി അക്കാദമി വഴി പെരുമ്പാവൂര്‍ കൂവപ്പടി റോഡില്‍ സംഗമിച്ചു അവിടെ നിന്ന് വല്ലം പാലത്തിനടുത്ത് എം.സി റോഡില്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിയുടെ അലൈന്മെന്റ് തയ്യാറാക്കിയിട്ടുള്ളത്.
റൂബി സോഫ്റ്റ് ടെക്ക് ആയിരുന്നു ആദ്യ ഘട്ട സര്‍വേ തയ്യാറാക്കിയത്. അവര്‍ നല്കിയ അലൈന്മെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചെങ്കിലും അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പാലങ്ങളും കലുങ്കുകളും നിര്‍മ്മിക്കുന്നതിന് ആവശ്യമായ മണ്ണ് പരിശോധന നടത്തുന്നതിനുമാണ് രണ്ടാം ഘട്ട സര്‍വ്വേ ആവശ്യമായി വന്നത്. സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചതിന് ശേഷം പദ്ധതിയുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗം തയ്യാറാക്കും. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നല്കിയ പദ്ധതി നിര്‍ദ്ദേശം പരിഗണിച്ചാണ് സംസ്ഥാന ബജറ്റില്‍ 25 കോടി രൂപ ഇരിങ്ങോള്‍ വല്ലം റിംഗ് റോഡിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെരുമ്പാവൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിനുള്ള പരിഹാരം എന്ന നിലയിലാണ് റിംഗ് റോഡ് പദ്ധതി നിര്‍ദ്ദേശിക്കുന്നത്.


