സംസ്ഥാനത്തെ ഏക ജൈവ സര്‍ട്ടിഫൈഡ് ഫാമായ ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായി പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്. പെരിയാറിന്റെ തീരത്ത് ആലുവ തുരുത്തില് 1919ല്‍ കൃഷി പാഠശാലയായി ആരംഭിച്ച വിത്തുല്പാദന കേന്ദ്രം ജൈവകാര്‍ഷിക രംഗത്ത് മാതൃക സൃഷ്ടിക്കുകയാണ്.
കാര്‍ബണ്‍ തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി പ്രകൃതിയോടിണങ്ങിയ ശാസ്ത്രീയമായ കൃഷിരീതികള്‍ ഇവിടെ പരീക്ഷിച്ചു വരുന്നു. രാസവളങ്ങളെ പൂര്‍ണമായും ഒഴിവാക്കി സുരക്ഷിത ഭക്ഷണവും ഫലഭൂയിഷ്ഠമായ മണ്ണും ലക്ഷ്യമിട്ടുള്ള കൃഷിരീതിയാണ് നടപ്പിലാക്കുന്നത്. 2012 മുതല്‍ പൂര്‍ണ്ണമായും ജൈവവളങ്ങളും ജൈവകീടനാശിനികളുമാണ് വിളകളില്‍ ഉപയോഗിക്കുന്നത്.
സംയോജിത കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കി വരുന്നത്.നെല്‍കൃഷി ചെയ്യുന്ന പാടങ്ങളില്‍ താറാവിനെ വിടുന്നത് വഴി കീടങ്ങളെ നശിപ്പിക്കുന്നതിനും, നിലം ഫലഭൂയിഷ്ഠം ആകുന്നതിനും കാരണമാകുന്നു.സംയോജിത കൃഷി രീതിയിലൂടെ മാലിന്യങ്ങള്‍ ഉള്‍പ്പെടുന്ന വസ്തുക്കളെല്ലാം, നേരിട്ടോ, സംസ്ക്കരിച്ചോ മറ്റു കൃഷികളുമായി ബന്ധപ്പെടുത്തി ഉപയോഗപ്രദമാക്കാന്‍ കഴിയുന്നു. കാസര്‍കോഡ് കുള്ളന്‍ പശു, മലബാര്‍ ആട്, മത്സ്യം, കുട്ടനാടന്‍ താറാവ്, കോഴി, തേനീച്ച, മണ്ണിര, എന്നിവയും കൃഷി ചെയുന്നുണ്ട്. പാരിസ്ഥിതിക എന്‍ജിനീയറിങ്ങിന്റെ ഭാഗമായി എള്ള്, തിന, റാഗി, തുടങ്ങിയ വിളകളും കൃഷി ചെയ്യുന്നു. കാര്‍ബണ്‍ ഫിക്സേഷന് ചോളം,റാഗി എന്നിവയുടെ കൃഷിയിലൂടെ സാധിക്കുന്നു. മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും പ്രകൃതിദത്തമായ ഭക്ഷണപദാര്‍ത്ഥങ്ങളാണ് നല്‍കുന്നത്. പയര്‍ ശീമക്കൊന്ന എന്നിവയുടെ ഇല പച്ചില വളമായി ഉപയോഗിക്കുന്നു.
വിളകളുടെ അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ തന്നെ നശിക്കുന്നതും, അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും ഒഴിവാക്കുന്നു. സന്ദര്‍ശകര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നത് അനുവദനീയമല്ല. കൃഷിയിടങ്ങളിലെ കളകളെ നശിപ്പിക്കുന്നതിന് രാസകള നാശിനികള്‍ ഒഴിവാക്കി ശാസ്ത്രീയമായ രീതികള്‍ നടപ്പിലാക്കിവരുന്നു. കളകള്‍ പറിച്ചു കളയുകയും, കാലികളെ മേയാന്‍ വിടുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളില്‍ മണ്ണ് പരിശോധന നടപ്പിലാക്കിവരുന്നു. എല്ലാകാലത്തും പ്രത്യേകിച്ച് വേനല്‍ക്കാലത്ത് കൃഷിയിടം ജൈവ പുത കൊണ്ട് മൂടുന്നു.
ഫാമിലെ നാടന്‍ പശുക്കളുടെ ചാണകം,ഗോമൂത്രം, ശീമക്കൊന്ന ഇല എന്നിവ ഉപയോഗിച്ച് വളര്‍ച്ച ത്വരകങ്ങളായ പഞ്ചഗവ്യം, കുണപ്പജല, വെര്‍മിവാഷ്, അമിനോഭിഷ് എന്നിവയും ജീവാണു വളമായ മൈക്കോറൈസ, കീടവികര്‍ഷിണിയായ എക്സ്പ്ലോഡ് (XPLOD) ഉല്പാദിപ്പിച്ച വില്പന നടത്തിവരുന്നു. സീസണനുസരിച്ച് മഞ്ഞല്പൊടി, രാഗി, ചിയാ വെളിച്ചെണ്ണ, മത്സ്യം, മുട്ട എന്നിവയും ഇവിടെ വില്‍പ്പനക്കായി ലഭ്യമാക്കാറുണ്ട്.ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള വാതകമാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.
പൂര്‍ണ്ണമായും കാര്‍ബണ്‍ തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് വിത്തുല്പാദന കേന്ദ്രം. ഫാമിലെ അപൂര്‍വ്വ വിത്തിനങ്ങള്‍ ഉള്‍പ്പെടെ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കാന്‍ ലക്ഷ്യമിടുന്നു. മണ്ണ് പരിശോധനയിലൂടെ മണ്ണിലെ സൂക്ഷ്മ ജീവജാലങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം നടത്തും.ഫാമിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സൗരോര്ജ്ജത്തിലാക്കും.
ഉല്‍പ്പന്നങ്ങള്‍ പൊതിയുന്നതിന് ജൈവവസ്തുക്കള്‍ ഉപയോഗിക്കാനും, പാകം ചെയ്യാതെ തന്നെ ഭക്ഷിക്കാന്‍ കഴിയുന്ന ആസാമില്‍ നിന്നുള്ള വ്യത്യസ്ത നെല്ലിനമായ കുമോള്‍ സൗള്‍ (kumol soul) കൃഷി ചെയ്യാനും ലക്ഷ്യമാക്കുന്നു. പുഴയുടെ തീരത്തെ മണ്ണ് സംരക്ഷിക്കുന്നതിന് തീറ്റപ്പുല്‍ കൃഷി തീരത്ത് ആരംഭിക്കും.


