കലോത്സവ വേദിയില്‍ ഒരു കൊച്ചുകുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ് അവളെ മത്സരത്തിനായി ഒരുക്കി സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്ത ഗുരുവാണ് ആലപ്പി സുദര്ശന്. പിന്നീട് ആ കുട്ടി മലയാള സിനിമയിലെ ശ്രദ്ധേയ താരമായ നവ്യ നായരായി വളര്‍ന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ഗുരുവിന്റെ മനസില്‍ മായാതെ നില്‍ക്കുന്നത് വലിയൊരു വേദനയാണ്.
അഞ്ചാം ക്ലാസ് മുതല്‍ നവ്യയെ മോണോ ആക്ട് പഠിപ്പിച്ചിരുന്ന അദ്ദേഹം, മഹാഭാരതത്തിലെ കുന്തിയും കര്‍ണനും തമ്മിലുള്ള വൈകാരിക രംഗമാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. ആ ഇനത്തില്‍ നവ്യ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി. നന്ദനം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ഈ വിവരംറിഞ്ഞ അദ്ദേഹം, തനിക്ക് ഒരു ജോഡി വസ്ത്രം (നൂറു രൂപ വിലയുള്ളത്) വാങ്ങിത്തരണമെന്ന് നവ്യയുടെ അച്ഛനോട് ആവശ്യപ്പെട്ടു. എന്നാല്‍ ”പണമില്ല” എന്നായിരുന്നു ലഭിച്ച മറുപടി.
ഒരിക്കല്‍ പറവൂരിലെ ഒരു ലോഡ്ജില്‍ നവ്യയെ പഠിപ്പിക്കാനായി വിളിപ്പിച്ചപ്പോഴും ഗുരുവിന് മോശം അനുഭവമുണ്ടായി. മണിക്കൂറുകളോളം പട്ടിണി കിടന്ന് കാത്തിരുന്നിട്ടും തനിക്ക് ഭക്ഷണം കഴിച്ചോ എന്ന് പോലും ചോദിക്കാന്‍ ആരും തയ്യാറായില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. നവ്യയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും, പത്രക്കാര് ആവശ്യപ്പെട്ടിട്ടും അവള്‍ക്കൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ പോലും നവ്യയുടെ അച്ഛന് അനുവദിച്ചില്ല. ആ സംഭവത്തിന് ശേഷം ഇന്നുവരെ നവ്യയെ വിളിച്ചിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും ആലപ്പി സുദര്ശന് പറയുന്നു. ആ യാത്രയുടെ ഓര്‍മകളില്‍ ഇന്നും അദ്ദേഹത്തിന് മായാത്തത് ആ വേഷത്തിന്റെ വിലയല്ല, മറിച്ച് ആ വാക്കും അതുണ്ടാക്കിയ വേദനയുമാണ്.

