ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര വീഴ്ച. ഐസിയുവില്‍ കിടന്ന് രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്ന് പരാതി. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന് (55) ആണ് മരിച്ചത്.
ഈ മാസം ഏഴിനാണ് തങ്കപ്പനെ മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോള്‍ ഐസിയുവില്‍ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ടിട്ട് നാല് ദിവസം കഴിഞ്ഞെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസവും സമാന രീതിയില്‍ പരാതി ഉയര്‍ന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ(55) മരണത്തിലായിരുന്നു പരാതി. രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് മകള്‍ രമ്യ ആരോപിച്ചിരുന്നു.
രോഗിയെക്കുറിച്ച് ഐസിയുവില്‍ അന്വേഷിച്ചപ്പോള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നായിരുന്നു ആശുപത്രി ജീവനക്കാര്‍ നല്കിയ മറുപടിയെന്നും. രണ്ട് ദിവസം കഴിഞ്ഞാണ് മരണ വിവരം അറിയുന്നതെന്നും മകള്‍ പരാതി ഉന്നയിച്ചിരുന്നു.


