യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിനായി ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. സരിന് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങിയത്. കോണ്‍ഗ്രസ് ഓഫീസ് താഴിട്ട് പൂട്ടിയ പ്രവര്‍ത്തകര്‍ ഐ.എന്‍.ടി.യു.സി കൊടിമരത്തില്‍ കരിങ്കൊടിയും കെട്ടി. പട്ടാമ്പി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്ന കെ.എസ്.ബി.എ തങ്ങള്‍ക്കെതിരെ വ്യാജ രേഖ ഉണ്ടാക്കി എന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
ഒറ്റപ്പാലം മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ പി സരിന്, കെ.പി.സി.സി സെക്രട്ടറി ഹരിഗോവിന്ദന് മാസ്റ്റര്‍ എന്നിവരുടെ പേരുകളാണ് ഡി.സി.സി നേതൃത്വം കെ.പി.സിസിക്ക് കൈമാറിയത്. യുവാവും പുതുമുഖമായ എല്‍.ഡി.എഫ് സ്ഥാനാഥി പ്രേംകുമാറിനെ നേരിടാന്‍ സരിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഹരിഗോവിന്ദന് മാസ്റ്ററുടെ പേരാണ് എ.ഐ.സി.സി പരിഗണിക്കുന്നതെന്ന് അറിഞ്ഞതോടെ സരിന് അനുകൂലികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഒറ്റപ്പാലം നഗരത്തിലെ കോണ്‍ഗ്രസ് ഓഫീസ് പ്രതിഷേധക്കാര്‍ പൂട്ടിയിട്ടു. ഐ.എന്‍.ടി.യു.സിയുടെ കൊടിമരത്തില്‍ കറുത്ത കൊടിയും കെട്ടി.