അരക്കിണറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് നഗരത്തിലെ ബേപ്പൂര്‍ അരക്കിണറില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്കൂളിന് സമീപം വച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് കടിയേറ്റ്.
ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്ളാസ് വിദ്യാര്‍ത്ഥി വൈഗ എന്നീ കുട്ടികള്‍ക്കാണ് കടിയേറ്റത്. നൂറാസിന്റെ കൈയിലും കാലിലും ആഴത്തില്‍ കടിയേറ്റു. വൈഗയുടെ തുടയുടെ പിന്‍ഭാഗത്താണ് ആഴത്തില്‍ കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ 44 കാരനായ ഷാജുദ്ദീനും കടിയേറ്റത്. ഗോവിന്ദപുരം സ്കൂള്‍ മൈതാനത്തും പരിസരങ്ങളിലും തെരുവനായകളുടെ വിളയാട്ടമെന്ന് നാട്ടുകാര്‍ പറയുന്നു.
കോഴിക്കോട് വിലങ്ങാടും ഇന്നലെ തെരുവുനായയുടെ ആക്രമണത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകന് ജയസൂര്യനാണ് നായയുടെ കടിയേറ്റത്.
കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെ ഇന്നലെ തെരുവുനായ കടിച്ചു. ഉമ്മന്നൂര്‍ പഞ്ചായത്തിലെ നെല്ലിക്കുന്നം വാര്‍ഡ് മെമ്പറായ ആര് ശ്രീജിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്.
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും സമ്മതിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയുമായി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം തെരുവ് നായ പ്രശ്നം പരിഹരിക്കാന്‍ കര്‍മ പദ്ധതി രൂപീകരിക്കാനാണ് വകുപ്പ് ഒരുങ്ങുന്നത്.


