തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പിന്റെ വ്യാപ്തി ഏറുന്നു. കോര്‍പ്പറേഷന്റെ അദാലത്തില്‍ നേരിട്ട് നികുതി അടച്ചതിന്റെ വിവരങ്ങള്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ വീണ്ടും നികുതി അടയ്ക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് നൂറു കണക്കിന് ആളുകള്‍. ജനങ്ങളുടെ പണം നഷ്ടമാകില്ലെന്ന മേയറുടെ ഉറപ്പ് സംശയത്തിലാകുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഉള്ളൂര്‍ സോണല്‍ ഓഫീസ് കഴിഞ്ഞ മാസം നടത്തിയ അദാലത്തിലെത്തിയാണ് ശ്രീകാര്യം അമ്പാടിനഗറില് താമസിക്കുന്ന സുരേഷ്കുമാര്‍ 2,132 വീട്ടകരം അടച്ചത്. എന്നാല്‍, മാസം ഒന്ന് കഴിയുമ്പോഴും സഞ്ചയ പോര്‍ട്ടലില്‍ പണം അടച്ചതിന്റെ വിവരങ്ങളില്ല. അടച്ച പണം കുടിശികയായിട്ടാണ് കാണിക്കുന്നതും.
കൂടുതല്‍ പരിശോധനയില്‍ ഇതേ ആശങ്ക പങ്കുവയ്ക്കുന്ന ഒരുപാട് പേരെ കാണാനായി. അദാലത്തില്‍ പങ്കെടുത്ത് 12000 രൂപ കരമടച്ച പിയൂഷ് പരാതിയുമായി കോര്‍പ്പറേഷനെ സമീപിക്കാനൊരുങ്ങുകയാണ്.
ബില്‍ കളക്ടര്‍മാരുടെ പിരിച്ച 35 ലക്ഷം രൂപയുടെ സോണല്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ വെട്ടിച്ചെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, അദാലത്തില്‍ ഒടുക്കിയ തുക പോലും രേഖകള്‍ ഇടം നേടിയിട്ടില്ലെന്ന് വ്യക്തമാകുന്നതോടെ കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിന്റെ ആഴമേറുകയാണ്.
അടച്ച ബില്ലുകള്‍ കൈവശമുള്ളത് കൊണ്ട് സുരേഷിനും പിയൂഷിനും കോര്‍പ്പറേഷനെതിരെ നിയമപോരാട്ടം നടത്താനെങ്കിലുമാകും. എന്നാല്‍, പണം അടച്ച് ബില്‍ നഷ്ടപ്പെട്ടു പോയവരുടെ കാര്യം അവതാളത്തിലാകും.


