കെഎസ് ആര്‍ടിസി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗീസ് പുതിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാലാണ് കെ കെ ജയചന്ദ്രനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി നടപടി നേരിട്ട ദേവികുളം മുന്‍ എംഎല്‍എ എസ.് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. 10 അംഗ ജില്ലാ സെക്രട്ടറിയേറ്റില്‍ രണ്ട് പുതുമുഖങ്ങളുണ്ട്.
അതേസമയം, സിപിഎം ഇടുക്കി ജില്ലാ സമ്മേളനം പുരോഗമിക്കേ, എംഎംമണിയടക്കം നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകള്‍ തുറന്നുകാട്ടുന്ന എസ്. രാജേന്ദ്രന്റെ കത്ത് പുറത്ത്. തന്നെ എംഎം മണി അപമാനിച്ചെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ കുടുംബത്തെ നോക്കി വീട്ടിലിരിക്കാന്‍ പറഞ്ഞുവെന്നും കത്തില്‍ പരാമര്‍ശം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച കത്തിന്റെ പകര്‍പ്പാണ് പുറത്ത് വന്നത്.
ദേവികുളം മുന്‍ എംഎല്‍എ ആയ എസ്. രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനിരിക്കെയാണ് കടുത്ത ആരോപണങ്ങളുമായി രാജേന്ദ്രന്റെ കത്ത് പുറത്തുവന്നത്. എം എം മണിയുടെ പരസ്യ അധിക്ഷേപം പേടിച്ചാണ് താന്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നതെന്നാണ് രാജേന്ദ്രന്റെ വാദം.
ജില്ലയിലെ മുതിര്‍ന്ന നേതാവ് കെ വി ശശിക്കെതിരെയും ആരോപണങ്ങളുണ്ട്. കെ വി ശശി തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും യൂണിയന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അപമാനിച്ചെന്നുമാണ് ആരോപണം. പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതിനാല്‍ എസ് രാജേന്ദ്രനെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിശദീകരണ കത്ത് പുറത്തു വന്നതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ഇനി നിര്‍ണായകം.


