ആലപ്പുഴ: മാവേലിക്കര എസ്എന്‍ഡിപി യൂണിയന് മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ പരാതി. എസ്എന്‍ഡിപി മാവേലിക്കര താലൂക്ക് യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളിയാണ് പോലീസില്‍ പരാതി നല്‍കിയത്. യൂണിയന് ഓഫീസിലെ വരവ് ചെലവ് കണക്ക് ബുക്ക് അടക്കമുള്ള രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവും മോഷ്ടിച്ചു എന്നാണ് പരാതി. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ നീക്കമെന്നും പരാതിയില്‍ പറയുന്നു.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെ മാവേലിക്കര എസ്എന്‍ഡിപി യൂണിയന് പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ പ്രതിയായ സുഭാഷ് വാസു പ്രസിഡന്റായ കമ്മിറ്റി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിരിച്ചുവിടുകയായിരുന്നു. ഇതിനുശേഷം പന്തളം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റായ സിനിലിനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയായിരുന്നു.
മൈക്രോ ഫിനാന്‍സ് കേസില്‍ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയന് സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിനു പിന്നാലെ വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുമായി തര്‍ക്കം രൂക്ഷമായിരുന്നു.


