ആലപ്പുഴ: ഇനി കുടുംബശ്രീയിൽ നിന്ന് കേരള ചിക്കൻ മാത്രമല്ല, ചീരുവും കൂടി കിട്ടും. കുടുംബശ്രീയുടെ സ്വന്തം ബ്രാൻഡ് ഉൽപന്നമായി കുട്ടനാടൻ താറാവിറച്ചിയാണ് ചീരു എന്ന ബ്രാൻഡിൽ എത്തുന്നത്. ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കുടുംബശ്രീ ഉൽപന്നമെന്നു തിരിച്ചറിയുന്ന വിധമുള്ള പ്രത്യേക പാക്കിങ്ങിൽ 900 ഗ്രാമിന്റെ പാക്കറ്റ് ഇറച്ചിയായാണ് ചീരു വിപണിയിലേക്ക് എത്തുന്നത്. ആദ്യഘട്ടത്തിൽ ഫ്രഷ് ഇറച്ചി മാത്രമാണ് കിട്ടുക. ഇറച്ചി കഷണങ്ങളാക്കി 900 ഗ്രാം വീതമുള്ള പാക്കറ്റുകളായാകും വിപണിയിലെത്തിക്കുക. പിന്നീട് ശീതീകരിച്ചും മൂല്യവർധിത ഉത്പന്നങ്ങളായും ഇറക്കും. ശീതീകരണസംവിധാനങ്ങളുള്ള വാഹനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയശേഷമാകും മറ്റു ജില്ലകളിലേക്കു വിൽപ്പന വ്യാപിപ്പിക്കുക.ഇതിനായി കൂടുതൽ ഉത്പാദകസംഘങ്ങളെ കണ്ടെത്തും. മെയ് രണ്ടാം വാരത്തോടെ ചീരു വിപണിയിലേക്ക് ഇറാക്കാൻ സാധികുമെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എസ്. രഞ്ജിത്ത് പറഞ്ഞു.


