കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ രാത്രിയാണ് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം അര്‍ധരാത്രിയോടെ പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരികെ എത്തിച്ചത്. തുടര്‍ന്ന് ജനല്‍ ചില്ല് തകര്‍ത്ത് ചില്ല് ഉപയോഗിച്ച് പെണ്‍കുട്ടി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. സംഭവം ചില്‍ഡ്രന്‍സ് ഹോമിലെ അധികൃതര്‍ കാണുകയും പെണ്‍കുട്ടിയെ ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെ തിരികെ എത്തിച്ചു. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. ചില്‍ഡ്രന്‍സ് ഹോമിലേക്കോ വീട്ടിലേക്കോ പോകേണ്ടെന്ന് പെണ്‍കുട്ടികളില്‍ ചിലര്‍ നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു.
നിലവില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ സിഡബ്ല്യുസി അധികൃതര്‍ അടിയന്തര യോഗം ചേരുകയാണ്. ചില്‍ഡ്രന്‍സ് ഹോമില്‍ സിസിടിവിയോ, ചുറ്റുമതിലോ ഇല്ലാത്തത് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
അതിനിടെ, കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ ഒരു പെണ്‍കുട്ടിയുടെ മാതാവ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്കി. മകളെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്.


