ചടയമംഗലത്ത് പൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വനിതാ കമ്മിഷന് റിപ്പോര്‍ട്ട് കൈമാറി. പെണ്‍കുട്ടിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചടയമംഗലം പൊലീസാണ് വനിതാ കമ്മിഷന് ആവശ്യപ്പെട്ട പ്രകാരം റിപ്പോര്‍ട്ട് കൈമാറിയത്.
പെണ്‍കുട്ടിക്കെതിരെ ചുമത്തിയ വകുപ്പുകളില്‍ വിശദീകരണം നല്‍കാനാണ് കമ്മിഷന് ആവശ്യപ്പെട്ടത്. ചടയമംഗലത്തെ ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ വൃദ്ധനുമായി പൊലീസ് തര്‍ക്കിക്കുന്നത് കണ്ടാണ് ഇടക്കുപാറ സ്വദേശിനിയായ പെണ്‍കുട്ടി വിഷയത്തില്‍ ഇടപെട്ടത്. പിഴയടയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസും വൃദ്ധനും തമ്മിലുള്ള തര്‍ക്കം. ഇത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടിക്കെതിരെയും പൊലീസ് പിഴ ചുമത്തി. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു നടപടി.
പൊലീസിന്റെ നടപടി ചോദ്യം ചെയ്ത പതിനെട്ട് വയസുകാരിക്കെതിരെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ബാങ്കിന് മുന്നില്‍ ക്യൂ നിന്ന വ്യക്തിക്കെതിരെ പിഴ ചുമത്തിയ നടപടിയെ ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തത്.
സംഭവം വിവാദമായതോടെ ഈ കേസ് ഒഴിവാക്കി കൊവിഡ് ലംഘനത്തിന് മാത്രമെടുത്ത കേസ് നിലനിര്‍ത്തുകയായിരുന്നു. ഇതിനിടെ സംഭവത്തില്‍ പരാതിയുമായി പെണ്‍കുട്ടി യുവജന കമ്മിഷനെ സമീപിച്ചിരുന്നു.


