പരവൂര്‍ :കൊലപാതകമെന്ന് സംശയിച്ച വയോധികന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നു. പൂതക്കുളം വേപ്പാലുംമൂട് മേലേ തെക്കതില്‍വീട്ടില്‍ തുളസീധരന്‍ പിള്ള(72)യാണ് മരിച്ചയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തുളസീധരന്‍ പിള്ളയുടെ പുരികത്തിനുതാഴെയുള്ള മുറിവു കണ്ട് നാട്ടുകാര്‍ കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് മരണകാരണം സ്ഥിരീകരിക്കുകയായിരുന്നു.

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് വയോധികന്റെ മരണമെന്നാണ് സ്ഥിരീകരണം. ഊന്നിന്മൂട് ശാരദാമുക്കിനുസമീപം ആക്രിക്കടയുടെ പുറകില്‍ ഞായറാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് ചാത്തന്നൂര്‍ എ.സി.പി. എസ്.എസ്.സുരേഷ്കുമാര്‍, പരവൂര്‍ സിഐ. ജി.അജിത്കുമാര്‍, ക്രൈം എസ്ഐ. വിപിന്‍ പ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാളവിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയിലാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.പരേതയായ സുധര്മിണിയാണ് തുളസീധരന്‍ പിള്ളയുടെ ഭാര്യ. അഞ്ചു മക്കളുണ്ട്.


