തിരുവനന്തപുരം: അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ദേശവ്യാപകമായി ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്തു. അയ്യപ്പ ജ്യോതിയില്‍ ഏകദേശം 21 ലക്ഷം, ഭക്തജനങ്ങള്‍ പങ്കെടുത്തുവെന്ന് ശബരിമല കര്‍മ്മ സമിതി അവകാശപ്പെട്ടു. കേരളത്തില്‍ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനങ്ങളും നടത്തും. 310 സ്ഥലങ്ങളില്‍ ഇതിനോടനുബന്ധിച്ച് പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളും നടന്നു.
കേരളത്തിനു പുറത്ത് ഏകദേശം 11 സംസ്ഥാനങ്ങളിലും ഭക്തജനങ്ങള്‍ അയ്യപ്പ ജ്യോതി തെളിയിച്ചുവെന്നും കര്‍മ്മ സമിതി അവകാശപ്പെട്ടു . പല സ്ഥലങ്ങളിലും അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തന്മാരെ അതിക്രൂരമായി മരദ്ദിക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ അടുത്ത് പെരുമ്ബ, കണ്ണൂര്‍ – കാസര്‍കോഡ് അതിര്‍ത്തിയായ കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പമ്പ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമം നടന്നിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും, 3 കുട്ടികളും ഉള്‍പ്പടെ 31 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 60 പേര്‍ക്ക് പലതരത്തിലുള്ള പരിക്ക് പറ്റി. പല സ്ഥലങ്ങളിലും മടങ്ങിപ്പാകുന്ന വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്.

