തിരുവനന്തപുരം: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി മുതല്‍ പരിശോധന ശക്തമാക്കിയതായി സിറ്റി സ്പെഷല്‍ ബ്രാഞ്ച് അറിയിച്ചു. ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ച വെള്ളിമാട്കുന്നിലെ സ്ട്രോങ് റൂമിലും പരിശോധന നടത്തും. അപരിചിതരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് കര്‍ണാടക പൊലീസിന് ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിക്കുന്നത്. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയിലുള്ള സന്ദേശത്തില്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നും ട്രെയിനുകളിലടക്കം സ്ഫോടനം നടത്തുമെന്നും അറിയിച്ചു.

ഭീകരാക്രമണങ്ങള്‍ക്കായി 19 പേര് തമിഴ്നാട്ടിലെ രാമനാഥപുരത്തേക്ക് കടന്നിട്ടുണ്ടെന്ന സന്ദേശം ഒരു ട്രക്ക് ഡ്രൈവറാണ് നല്‍കിയതെന്നും ഇയാളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഭീഷണിയെത്തുടര്‍ന്ന് നൈറ്റ് പട്രോളിംഗ് അടക്കമുള്ളവ ശക്തമാക്കിയതായി കോഴിക്കോട് റൂറല്‍ സ്പെഷല്‍ ബ്രാഞ്ചും അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍ കര്‍ശന നിരീക്ഷണത്തിലെന്നും പൊലീസ് അറിയിച്ചു. ആളുകൂടുന്ന ഇടങ്ങള്‍, ആശുപത്രികള്‍, ബസ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ ഇന്നും കര്‍ശന പരിശോധന തുടരും.
ഇതിനിടെ ശ്രീലങ്കന്‍ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന 50 പേരെയാണ് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.


