കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സൈജു തങ്കച്ചന് ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി ഡ്രൈവറാണ് സൈജു തങ്കച്ചന്. ഇത് രണ്ടാം തവണയാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. അഭിഭാഷകര്‍ക്കൊപ്പമാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്.
മോഡലുകളുടെ വാഹനം പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ് അയച്ചിരുന്നു. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടത്. സൈജു ഒളിവിലായതിനാല്‍ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നത്.
സൈജു നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ത്ത് അറസ്റ്റിന് ശ്രമിക്കുകയാണെന്നാണ് സൈജു ജാമ്യാപേക്ഷയില്‍ പറയുന്നത്.
ഇതിനിടെ കൊച്ചിയില്‍ മോഡലുകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഡിവിആര്‍ കണ്ടെത്താനുള്ള തെരച്ചില്‍ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. മൂന്ന് ദിവസം തെരച്ചില്‍ നടത്തിയിട്ടും ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനായില്ല. കായലില്‍ ചെളിയടിഞ്ഞു കിടക്കുന്നത് വലിയ പ്രതിസന്ധിയായി. ഇതേ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.


