ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണ (28) യാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന വ്യാജേന രേഖകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയത്.
ഹൈക്കോടതിയില്‍ സ്റ്റെനോഗ്രാഫറാണെന്ന വ്യാജേനയാണ് പ്രസാദിനെ പ്രതി ഫോണ്‍ വിളിച്ചത്. ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആകെ ആറു ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പ്രസാദില്‍ നിന്ന് ആദ്യം 9000 രൂപയും പീന്നീട് 3,45,250 രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചു. ഇതിനു പിന്നാലെ സഹോദരന്മാര്ക്കും സുഹൃത്തിനും ഡ്രൈവറുടെ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാക്കു നല്കി 1,50,000 രൂപ വീണ്ടും വാങ്ങി.
ജോലി ആവശ്യപ്പെട്ട യുവാവിന് അക്കൗണ്ടില്‍ ആറു ലക്ഷം രൂപയുടെ വ്യാജ ചെക്കുകള്‍ നല്‍കിയും, ജോലിയില്‍ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകള്‍ ഒറിജിനല്‍ എന്ന് തോന്നിപ്പിക്കും വിധം വാട്സാപ്പ് വഴി അയച്ചു കൊടുത്തുമാണ് പ്രതി തട്ടിപ്പ് നടത്തിയത്.
5.95 ലക്ഷം രൂപ തട്ടിയെടുത്തു എന്നത് കേസായതിനെത്തുടര്‍ന്ന് സുരഭി കൃഷ്ണ ജാമ്യമെടുത്ത് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു, ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ നിന്നു കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
കോയിപ്രം പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്. എസ്.ഐ. അനൂപ്, എം.എ.ഷെബി, സുജിത്, അഭിലാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


