പിറവം പള്ളി കേസില്‍ പോലീസ് അങ്കലാപ്പില്‍. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ പോലീസ് സംഘം പിറവം പള്ളിയിലെത്തി. കോടതി ഉത്തരവ് പള്ളിയില്‍ പതിപ്പിക്കുകയും വിവരം വിശ്വാസികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, പള്ളിയില്‍ നിന്ന് പിന്‍വാങ്ങില്ലെന്നാണ് യാക്കോബായ സംഘത്തിന്റെ നിലപാട്.പള്ളിയില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ച് റിപ്പോര്‍ട്ട് ഒന്നേമുക്കാലിന് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
എന്നാല്‍, യാക്കോബായ വിഭാഗം ഒരുതരത്തിലും സഹകരിക്കുന്നില്ല. കനത്ത പോലീസ് സുരക്ഷയാണ് പള്ളയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈദികരടക്കം 67പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് രണ്ട് മാസം നീണ്ട നിരോധനവും കോടതി ഏര്‍പ്പെടുത്തി. നിരോധനാജ്ഞ നിലനില്‍ക്കെയാണ് ഇരുവിഭാഗവും തര്‍ക്ക വിഷയത്തില്‍ ഒരടിപോലും പിന്നോട്ടില്ലെന്നുറച്ച് പള്ളിക്കുള്ളിലും പുറത്തും തമ്പടിച്ചിരിക്കുന്നത്. വിലക്കുള്ളവരെ പള്ളിക്കുള്ളില്‍ നിന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്നാണ് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസടക്കം പറയുന്നത്. എന്നാല്‍ പള്ളിയില്‍ കയറുമെന്ന ഉറച്ച നിലപാടിലാണ് ഓര്‍ത്തഡോക്സ് വിഭാഗം.

200 അംഗ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ഇന്നലെ രാവിലെ ആരാധനയ്ക്കെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. 500ഓളം വരുന്ന യാക്കോബായക്കാര്‍ തലേന്ന് വിശ്വാസികള്‍ പള്ളയ്ക്കകത്ത് കയറിയിരുന്നു. തുടര്‍ന്ന് ഫാ.സ്കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള വികാരിമാര്‍ അടങ്ങുന്ന ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ റോഡില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാതിരിക്കാന്‍ യാക്കോബായ വിശ്വാസികള്‍ പള്ളി പൂട്ടി ഉള്ളിലിരുന്ന് രാവിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി.
പിറവം പള്ളിയില്‍ വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്നും ഓര്‍ത്തഡോക്സ് വിഭാഗം നിലപാട് വ്യക്തമാക്കി.


