സംഘപരിവാര്‍ ബന്ധമുള്ളവരെ വൈസ് ചാന്‍സലര്‍ ആക്കുന്നതിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. കാര്‍ഷിക സര്‍വകലാശാല വിസി യെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് വിമര്‍ശനം. സര്‍ക്കാര്‍ പട്ടിക തള്ളി ഗവര്‍ണര്‍ നടത്തുന്ന നിയമനങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന നടപടിയെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തല്‍.
സംസ്ഥാന സര്‍ക്കാര്‍ നല്കിയ പട്ടിക വെട്ടി, കാര്‍ഷിക സര്‍വകലാശാലയിലെ താല്‍ക്കാലിക വി.സിയായി സംഘ്പരിവാര്‍ ബന്ധമുള്ള ടി. സജിതാ റാണിയെ കേരള ഗവര്‍ണര്‍ നിയമിച്ചതാണ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപി അനുകൂല വിദ്യാഭ്യാസ സംഘടനയുടെ നേതാവും കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളജിലെ ഡീനുമായ സജിതാ റാണിയെ ചട്ടം ലംഘിച്ചാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിയമിച്ചിരിക്കുന്നത്. എം.ജി സര്‍വകലാശാല വി.സിയായി പ്രൊഫ. മാവുത്ത് ദുരൈപാണ്ടിയെ സമാനമായി നിയമിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നീക്കം. സെനറ്റ് അംഗങ്ങളിലും സംഘ്പരിവാര്‍ ബന്ധമുള്ളവരെ വ്യാപകമായി തിരുകിക്കയറ്റുന്നുവെന്നാണ് മറ്റൊരു ആരോപണം – മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ സര്‍വകലാശാലകളില്‍ നിശബ്ദമായും അല്ലാതെയും സംഘ്പരിവാറിന്റെ കൈയേറ്റം നടക്കുന്നുവെന്ന് സമസ്ത മുഖപത്രം വിമര്‍ശിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്കിയ പേരുകളുടെ പട്ടിക പൂര്‍ണമായും അവഗണിച്ച് ഈ നിയമനം നടത്തിയിരിക്കുന്നത് ഭരണഘടനാപരമായ മര്യാദകളെയും ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെയും ചോദ്യം ചെയ്യുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.


