തിരുവനന്തപുരത്ത് അച്ഛനെയും മകളെയും പൊതുമധ്യത്തില്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് കുടുംബം. ഐജി ഹര്‍ഷിത അട്ടല്ലൂരിയോ പൊലീസ് ഉദ്യോഗസ്ഥരോ മൊഴിയെടുത്തില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ ഇപ്പോഴും ഞെട്ടലിലെന്നും കുട്ടിയുടെ അച്ഛന് ജയചന്ദ്രന് പറഞ്ഞു. അമ്മയുടെ ഏകദിന ഉപവാസം സെക്രട്ടേറിയറ്റ് പടിക്കല്‍ തുടങ്ങി.
വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ രജിതയ്ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് സമരം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിതയെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ദക്ഷിണമേഖല ഐ.ജിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
പൊതുജന മധ്യത്തില്‍ ഈ അച്ഛനും മകളും ഇല്ലാത്ത മോഷണക്കേസിലെ പ്രതികളാക്കപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. എന്നാല്‍ മൊബൈല്‍, ഉദ്യോഗസ്ഥയുടെ കൈവശം തന്നെ കണ്ടെത്തിയതോടെ തെറ്റ് ചെയ്തത് ജയചന്ദ്രനും മകളുമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥ രജിതയാണെന്ന് തെളിഞ്ഞു.
ആറ്റിങ്ങലിലാണ് പ്രശ്നങ്ങള്‍ക്കാധാരമായ സംഭവം നടന്നത്. ഐ.എസ്.ആര്.ഒയുടെ ഭീമന് വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രന് പറയുന്നു.
ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തില്‍ ഇടപെട്ടു. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നുംകണ്ടെത്തി. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണവിധേയമായി പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലം മാറ്റിയിരുന്നു. നേരത്തെ തന്നെ കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിരുന്നു.


