റേഷന്‍ കടകളില്‍ ഇപോസ് യന്ത്രങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്. ഇപോസ് യന്ത്രങ്ങള്‍ സ്ഥാപിച്ചതുമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്. കേരളത്തിലെ എല്ലാ റേഷന്‍ കടകളിലും ഇ- പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ചത് ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഇതിനായി നിയോഗിക്കപ്പെട്ട നോഡല്‍ ഏജന്‍സിയായ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നിയമാനുസരണം ടെന്‍ഡര്‍ വിളിച്ച് ഏറ്റവും കുറവ് തുക ക്വോട്ട് ചെയ്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഏറ്റവും കുറഞ്ഞ തുകയില്‍ യന്ത്രം വാഗ്ദാനം ചെയ്ത കമ്പനിയുടെ പേര് ലിങ്ക് വെല്‍ ടെലിസിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. ഇത് 1993 ല്‍ ആരംഭിച്ച സ്ഥാപനം ആണ്. ഇന്‍ഡ്യയിലെ 25 സംസ്ഥാനങ്ങളിലും ഇ-പോസ് യന്ത്രങ്ങള്‍ നല്‍കുന്നതിന് കരാര്‍ നല്‍കിയത് ഈ കമ്പനിക്കാണ്. എന്നാല്‍ അടുത്തിടെ വിവാദത്തില്‍ പെട്ട ഒരു കമ്പനിയുടെ പേര് ഇ-പോസുമായി ബന്ധപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്.
കേന്ദ്ര വിജിലന്‍സ് കമ്മീഷന് സംസ്ഥാന സ്റ്റോര്‍ പര്‍ചേഴ്സ് വ്യവസ്ഥകള്‍ തുടങ്ങിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാം കൃത്യമായി പാലിച്ച് നടന്ന നടപടിക്രമമായിരുന്നു ടെന്‍ഡര്‍ എന്നിരിക്കെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെ ഉന്നയിച്ചിട്ടുള്ള ദുരാരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷത്തോടെ ഉന്നയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി ഇ-പോസ് യന്ത്രം ഉപയോഗിച്ച് പൊതുവിതരണ സംവിധാനം വളരെ നല്ല നിലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ വഴി ഉന്നയിച്ചിട്ടുള്ള ആരോപണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനം ടെന്‍ഡറില്‍ കുറഞ്ഞ തുക വാഗ്ദാനം ചെയ്യാതത് മൂലമാണ് യോഗ്യത നേടാനാവാതെ പോയത്. മറിച്ചുള്ള എല്ലാ വാര്‍ത്തകളും തള്ളികളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


