തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പെടുത്തിയ സംഭവത്തില്‍ നീതി തേടി അനുപമ. കുഞ്ഞിനെ കണ്ടെത്താന്‍ അധികാരികളുടെ ഇടപെടല്‍ ആശ്യപ്പെട്ട് അനുപമ നിരാഹാര സമരം ആരംഭിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമയുടെ നിരാഹാര സമരം.
പരാതി നല്‍കിയിട്ടും ചില നേതാക്കള്‍ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് അനുപമ പറഞ്ഞു. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല, സിപിഐഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ചില നേതാക്കളുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് അനുപമ പ്രതികരിച്ചു. വ്യക്തികളുടെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചയില്‍ പാര്‍ട്ടിയെ മുഴുവന്‍ പഴിക്കേണ്ടതില്ല. എ വിജയരാഘവന് നല്കിയ പിന്തുണ തള്ളേണ്ട കാര്യമില്ലെന്നും അനുപമ വ്യക്തമാക്കി. വൈകിയ വേളയില്‍ പിന്തുണ നല്‍കിയിട്ട് കാര്യമില്ല, ഇനി കോടതിയില്‍ മാത്രമാണ് വിശ്വാസമെന്നും അനുപമ പറഞ്ഞു.
ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്ന് സിപിഎമ്മിന്റെ പിന്തുണയ്ക്ക് മറുപടിയായി അനുപമ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമ നിരാഹാര സമരം തുടരുകയാണ്. പൊലീസില്‍ വിശ്വാസമില്ലെന്നും സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും സമരത്തിന് പുറപ്പെടും മുന്‍പ് അനുപമ പറഞ്ഞു.
”ഞങ്ങള്‍ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും ശിശുക്ഷേമ സമിതിയുടെയും ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സഹായവും കിട്ടിയില്ല. അവര്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളൊന്നും ചെയ്തിട്ടുമില്ല. എന്റെ കുഞ്ഞിന്റെ കാര്യം മാത്രമല്ല. നാളെ വേറൊരു കുഞ്ഞിനും അമ്മയ്ക്കും ഈ അവസ്ഥ വരാം.” അനുപമ പറഞ്ഞു.
കുഞ്ഞിന്റെ സുരക്ഷ ബന്ധപ്പെട്ടവര്‍ നോക്കണമായിരുന്നു. എന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ എന്നെ പ്രതിചേര്‍ത്തിട്ടാണെങ്കിലും അവര്‍ക്ക് അന്വേഷിക്കാമായിരുന്നു. എന്നാല്‍, ആറു മാസമായിട്ടും ഒരുതരത്തിലുമുള്ള അന്വേഷണമുണ്ടായില്ല. ഇതേക്കുറിച്ച് വകുപ്പു തലത്തില്‍ റിപ്പോര്‍ട്ട് ചോദിച്ചതു കൊണ്ടായില്ല. അവര്‍ക്കെതിരെ നടപടിയുമെടുക്കണം. വിഷയം സര്‍ക്കാരിന്റെയും ബന്ധപ്പെട്ടവരുടെ എല്ലാവരുടെയും ശ്രദ്ധയില്‍ വരണം. അതിനാണ് ഈ സമരം. എല്ലാവരും എനിക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പ്രതികരിച്ചു.
അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുപമയുമായി ഫോണില്‍ സംസാരിച്ചു. വീഴ്ചകളില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി അനുപമ അറിയിച്ചു.
അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് സംഭവിച്ചത്. അനുപമയ്ക്ക് കുഞ്ഞിനെ തിരികെ നല്‍കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. അനുപമയുടെ വിഷയത്തില്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പികെ ശ്രീമതി. സിപിഎം നേതാവ് വൃന്ദ കാരാട്ടാണ് അനുമപയുടെ പ്രശ്നം തന്നെ അറിയിച്ചതെന്നും ശ്രീമതി പറഞ്ഞു.
കുഞ്ഞിനെ വിട്ടുകിട്ടാനായുള്ള തിരുവനന്തപുരത്തെ അനുപമയുടെ സമരത്തിനു തൊട്ടുമുന്‍പ് ഉറപ്പുമായി സിപിഎം. പ്രശ്നം പാര്‍ട്ടിക്ക് പരിഹരിക്കാനാവില്ലെന്നും നിയമപരമായി പരിഹാരം കാണണമെന്നും സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്. പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ടെന്നും ഒരു തെറ്റിനെയും സിപിഎം പിന്താങ്ങില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. അനുപമയ്ക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്നും എ.വിജയരാഘവന് പറഞ്ഞു.


