ദില്ലി: പ്രളയദുരന്തം നേരിടാന്‍ ജിഎസ്ടിക്ക് മേല്‍ സെസ് ചുമത്താന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ജിഎസ്ടി കൗണ്‍സിലില്‍ തത്വത്തില്‍ ധാരണ ആയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. അടുത്ത യോഗത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന് വായ്പ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തോട് മറ്റു ധനമന്ത്രിമാര്‍ യോജിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കും.
28 ശതമാനം നികുതി ഉണ്ടായിരുന്ന പല സാധനങ്ങളുടേയും സേവനങ്ങളുടേയും നികുതി 18 ലേക്ക് കുറയ്ക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ആയതായി ഐസക് പറഞ്ഞു. 35 – 45% നികുതിയാണ് ഇപ്പോള്‍ കുറച്ച ഉത്പന്നങ്ങള്‍ക്ക് നേരത്തെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടേയും നികുതി 18 ലേക്ക് മാറ്റുക സാധ്യമല്ല. 28 ശതമാനം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ആകില്ലെന്ന് യോഗം സമ്മതിച്ചതായും ഐസക് പറഞ്ഞു.
ലോട്ടറി നികുതി 12 ശതമാനത്തില്‍ നിന്നും 28 ശതമാനമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ശുപാര്‍ശ ഉണ്ടായി. ഇത് കേരളത്തിന് തിരിച്ചടിയാകുമെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഈ നീക്കം അംഗീകരിക്കാനാകില്ല. ലോട്ടറി മാഫിയയെ തിരികെ കൊണ്ടുവരാനുള്ള നീക്കത്തില്‍ കേന്ദ്രം പങ്കാളിയാവുകയാണോ എന്ന് സംശയമുണ്ടെന്ന് ധനമന്ത്രി വിമര്‍ശിച്ചു.


