വയനാട്ടിൽ കോളറ ബാധിച്ച് ഒരു സ്ത്രീ മരിച്ചു. നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് യുവതി മരിച്ചു. തുടർന്നുള്ള പരിശോധനകളിൽ കോളറ സ്ഥിരീകരിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് വിജിലയുടെ ലക്ഷണങ്ങൾ കണ്ടത്. ഞായറാഴ്ച രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ അതിസാരം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. രണ്ടു കുട്ടികളും ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണ് ചികിത്സയിൽ കഴിയുന്നത്.
ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് ആരോഗ്യ വകുപ്പ് കോളറ സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലം എത്തേണ്ടതുണ്ട്. കോളറ സ്ഥിരീകരിച്ചതോടെ മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.