തിരുവനന്തപുരം: ആയുർവേദ ആശുപത്രികളിലെ ഫർണിച്ചർ വാങ്ങൽ ക്രമക്കേട്, വിജിലൻസ് അന്വേഷണത്തിന് മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശം. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി.ആർ.സജിയ്ക്കെതിരെയാണ് അന്വേഷണം. ധനകാര്യവകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ നിർദ്ദേശം.
ഇത് സംബന്ധിച്ച ഫയൽ ആഭ്യന്തരവകുപ്പിന് കൈമാറി. കണ്ണൂർ പിണറായിയിലെ ഗവ.ആയുർവേദ ആശുപത്രിയുടെ കെട്ടിടം പൂർത്തിയാകുന്നതിന് മുമ്പ് 11.45 ലക്ഷം രൂപയുടെ ഫർണിച്ചർ വാങ്ങിയതിലടക്കമാണ് അന്വേഷണം. ഇത് കൂടാതെ മട്ടന്നൂർ, ചാലക്കുടി,വെങ്ങാനൂർ എന്നിവിടങ്ങളിലേക്കും ചട്ടവിരുദ്ധമായി പർച്ചേസ് നടന്നുവെന്നാണ് കണ്ടെത്തൽ. ഇക്കാര്യങ്ങൾ ഉൾപ്പെടെ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരും.

