തോപ്പുംപടി: മത്തി (ചാള) വീണ്ടും കേരളത്തെ ചതിക്കുന്നു. മൺസൂൺ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും കേരളത്തിന്റെ തീരക്കടലിൽ മത്തി വരുന്നില്ല. മഴക്കാലത്ത് ധാരാളമായി കിട്ടുന്ന ചാളയാണ് കേരളത്തിന്റെ തീര മേഖലയിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ നിലനിർത്തുന്നത്.
ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ ഈ സമയത്ത് പരമ്പരാഗത തൊഴിലാളി സമൂഹം മാത്രമാണ് കടലിൽ ഇറങ്ങുന്നത്. പരമ്പരാഗത സമൂഹം ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത് മൺസൂൺ കാലത്താണ്. ബോട്ടുകൾക്ക് വിലക്കുള്ളതിനാൽ, കടലിൽ എത്തുന്ന മീൻ പിടിച്ചെടുക്കാം. മാത്രമല്ല, പൊതുവെ മീൻ കുറയുമെന്നതിനാൽ മാർക്കറ്റിൽ നല്ല വില ലഭിക്കുകയും ചെയ്യും. പക്ഷെ, ചാളയുടെ വരവ് നിലച്ചതോടെ ലക്ഷക്കണക്കിനു വരുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
മധ്യ ശാന്തസമുദ്രത്തിൽ ചൂട് കൂടിയതു മൂലം അറബിക്കടലിലുണ്ടായ പ്രത്യാഘാതമാണ് ചാളയുടെ വരവിനെ ബാധിച്ചതെന്ന് ശാസ്ത്രസമൂഹം വിലയിരുത്തുന്നുണ്ട്. അറബിക്കടലിൽ വൻതോതിൽ ചാളയുടെ മുട്ടകൾ കുറഞ്ഞതായി കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊച്ചിയിലെ സി.എം.എഫ്.ആർ.ഐ. യുടെ ഗവേഷക വിഭാഗം അറബിക്കടലിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലും ഇക്കുറി ചാള വൻതോതിൽ കുറയുമെന്ന് ശാസ്ത്രജ്ഞന്മാർ പറഞ്ഞിരുന്നു.

