കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി രാജ്യാന്ത അന്വേഷണ ഏജന്‍സികളുടെ സഹായം തേടി പൊലീസ്. തീരം വിട്ടവര്‍ ഓസ്ട്രേലിയയിലേക്ക് തന്നെയാണോ പോയത് എന്ന് വ്യക്തത വരുത്താനാണിത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയാണ് പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയത്. ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഓസ്ട്രേലിയ ന്യൂസിലാന്റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായും ആശയ വിനിമയം നടത്തി. ബോട്ടില്‍ പോയ സംഘം അവിടെ എത്തിയോ, ക്രിസ്തുമസ് ഐലന്റില്‍ തന്നെയാണോ എത്തുക എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണിത്.
അവര്‍ അവിടെ എത്തി എന്നുറപ്പിച്ചാല്‍ മാത്രമെ പൊലീസിന് കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവ് ലഭിക്കുകയുള്ളു. ദില്ലിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രഭുവിനെയും മറ്റ് പലരേയും ചോദ്യം ചെയ്തെങ്കിലും എവിടെക്കാണ് ഇവര്‍ പോയത് എന്ന കാര്യങ്ങളില്‍ വ്യക്തമായ നിഗമനത്തിലെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. നൂറിലധികം പേര് തീരം വിട്ടു എന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ഇത്രയധികം പേര്‍ക്ക് ദയമാതാ ബോട്ടില്‍ കയറാന്‍ പറ്റില്ലെന്നാണ് ബോട്ടിന്റെ മുന്‍ ഉടമ ജിബിന്‍ പറയുന്നത്.

