കൊച്ചി: നടിയെ നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന സംഭവത്തില്‍ ബ്ലാക്ക് മെയിലിങ് നടന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. ഇതോടെ നിര്‍മ്മാതാവിന് കോടതി മുന്‍കൂര്‍ ജാമ്യവും നല്കി. നടിയും നിര്‍മ്മാതാവും തമ്മില്‍ ഉള്ള സംഭാഷണത്തിന്റെ ശബ്ദരേഖ കോടതിയില്‍ പ്രതിഭാഗം സമര്‍പ്പിച്ചിരുന്നു. പോലീസില്‍ പരാതി നല്കിയ ശേഷം പ്രതിയായ നിര്‍മാതാവിനെ നടി ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ആറുകോടി രൂപയാണ് നടി നിര്‍മ്മാതാവിന് നിന്നും ആവശ്യപ്പെട്ടത്. അടുത്ത സിനിമയില്‍ നല്ല വേഷം നല്‍കാമെന്ന് വാഗ്ദാനം നല്കി ഫ്ലാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെനന്നായിരുന്നു ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. വൈശാഖ് രാജന് നിര്‍മിച്ച് 2015ല്‍ പുറത്തിറങ്ങിയ ചങ്ക്സ് എന്ന സിനിമയില്‍ ഏതാനും സീനില്‍ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ് പരാതിക്കാരി. ഇരുവരും തമ്മില്‍ ഫോണില്‍ നടത്തിയ സംഭാഷണങ്ങള്‍ ഇങ്ങനെ:
നിര്‍മാതാവ്: കാശല്ലേ വേണ്ടത്, അല്പം കാത്തിരിക്കണം. തരാം, ഉണ്ടാക്കണം, തരില്ല എന്ന് പറഞ്ഞില്ലല്ലോ? നിനക്ക് പണമല്ലേ ആവശ്യം എന്നു ചോദിക്കുമ്പോള്‍ ഫിലിമിന്റെ കാര്യമല്ലേ അങ്ങനെ പറ ….. എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന് നടി പറയുന്നുണ്ട് .
കാശാണ് ആവശ്യപ്പെട്ടത് എന്ന തെളിവ് വരാതിരിക്കാന്‍ അവര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടും വിലപേശലിനൊടുവില്‍ പലപ്പോഴും ആ ജാഗ്രത കൈവിട്ടുപോകുകയായിരുന്നു . ‘തുക സമയത്ത് നല്‍കാതെ വൈകിച്ചാല്‍, ദിലീപിനെ പോലെ ചേട്ടന് നാറാനാണോ’ എന്ന് നടിയുടെ ഭീഷണി ശബ്ദരേഖയില്‍ വ്യക്തമായി കേള്‍ക്കാം. ഇത് കൂടാതെ നടിയും നിര്‍മ്മാതാവും തമ്മില്‍ വളരെ അടുപ്പമുള്ളവര്‍ ആയിരുന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖയും വാട്സാപ്പ് മെസേജുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു.
പലപ്പോഴും നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്ക് പരാതിക്കാരി തന്നെ നിര്‍മാതാവിനെ ക്ഷണിക്കുന്നതും മെസേജുകളില്‍ കാണാം. ഇതെല്ലാം ഇവരെ പീഡിപ്പിച്ചു എന്ന് പറയുന്ന സമയത്തിന് ശേഷമാണ് താനും. 2017 ജൂലൈയില്‍ നടന്നതായി പരാതിയില്‍ പറയുന്ന പീഡനം പോലീസില്‍ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വര്‍ഷത്തിന് ശേഷം. ഇക്കാലത്തിനിടയില്‍ ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി വാട്സ്ആപ് മെസേജുകളില്‍ നിന്ന് പൊലീസിന് മനസിലായി. പരാതിയില്‍ പറയുന്നത് പ്രകാരം പീഡനം നടന്ന ശേഷമാണിതെല്ലാം.


