കോട്ടയം: സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭത്തില്‍ ശിക്ഷാവിധി ഇന്ന്. പ്രതി സതീഷ് ബാബു കുറ്റം ചെയ്തതായി ഇന്നലെ പാലാ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം ബലാത്സംഗം ഭവനഭേദനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. എന്നാല്‍ പ്രതി ഇത് അംഗീകരിച്ചില്ല.

ഒരു വര്‍ഷം നീണ്ട് നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് പ്രതി സതീഷ് ബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 87 പ്രമാണങ്ങളും 20 തൊണ്ടിമുതലുകളും പരിശോധിച്ച കോടതി 65 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ നിന്നും കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ പ്രതി നടത്തിയതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ മോഷണം അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. വിധിക്ക് മുന്‍പ് എന്തെങ്കിലും പറയാനുണ്ടോന്ന് കോടതി ചോദിച്ചപ്പോള്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രതി സതീഷ് പറഞ്ഞു. ശിക്ഷ വിധിച്ചാല്‍ ജയിലില്‍ നിരാഹാരം ഇരിക്കുമെന്നും പ്രതി പ്രതികരിച്ചു.
2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് പാല കര്‍മ്മലീത്ത കോണ്‍വെന്റിലെ മൂന്നാം നിലയില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ സിറ്റര്‍ അമലയെ കണ്ടെത്തിയത്. പാല ഡി.വൈ.എസ്.പി സുനീഷ് ബാബിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയത്.


