ഇരട്ട നരബലിക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി ഒന്നിലധികം ഫോണുകള്‍ ഉപയോഗിച്ചതായി പൊലീസ്. വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സജ്ന മോള്, ശ്രീജ എന്നീ പേരിലാണ് വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചത്. പ്രൊഫൈല്‍ ഉപയോഗിച്ച് നരബലി ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് വഴി ഭഗവല്‍ സിങുമായി ചാറ്റ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഇയാളുടെ ഭാര്യയുടെതാണെന്നും സ്ഥിരീകരിച്ചു. ഷാഫിയുമായി വഴക്കുണ്ടായെന്നും അതിനിടെ ഫോണ്‍ നശിപ്പിച്ചെന്നുമാണ് ഭാര്യ നഫീസ നല്കിയ മൊഴി. ഫോണ്‍ ഗാന്ധിനഗറിലെ കോര്പറേഷന് ചവറുകൂനയില്‍ ഉപേക്ഷിച്ചെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഫോണുകള്‍ നശിപ്പിച്ചെന്ന് സംശയമുള്ളതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
ഷാഫി ജയിലായിരുന്ന സമയത്തും ശ്രീദേവി എന്ന അക്കൗണ്ട് സജീവമായിരുന്നു. അതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഐഎംഇഐ, ഐപി അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താനാണ് ശ്രമം. ഈ അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 2020 ഓഗസ്റ്റില്‍ പുത്തന്‍കുരിശില്‍ എഴുപത്തിഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഷാഫി ഒരു വര്‍ഷത്തോളം ജയിലിലായിരുന്നു.
ഈ സമയം ശ്രീദേവി എന്ന അക്കൗണ്ട് ആരോ ഉപയോഗിച്ചിരുന്നതായാണ് സംശയിക്കുന്നത്. 2019 മുതല്‍ ഷാഫി ഭഗവല്‍ സിങുമായി ചാറ്റ് ചെയ്തിരുന്നു. ഇതിനു മുമ്പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചതായി പൊലീസ് പറഞ്ഞു. ഷാഫി എത്തിച്ച രണ്ടു സ്ത്രീകളെയും ഇവര്‍ക്കൊപ്പം പോയ പുരുഷന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളാണ് ഇവര്‍. ഇവര്‍ക്ക് ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നോയെന്നെും പൊലീസ് സംശയിക്കുന്നുണ്ട്.


