മേപ്പാടി: ബിസിനസിനെ ചൊല്ലി അയല്‍ വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് വെട്ടേറ്റ നാല് വയസുകാരന് മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന് ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ചയാണ് ആദിദേവിനെയും അമ്മയെയും അയല്‍വാസി ജിതേഷ് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. ജയപ്രകാശും ജിതേഷും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.
ജയപ്രകാശിന്റെ ഭാര്യ അനില മകന് ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടു പോകുന്നതിനിടെ റോഡില്‍വെച്ചായിരുന്നു ആക്രമണം. അയല്‍വാസിയും ജയപ്രകാശിന്റ സുഹൃത്തുമാണ് കിഴക്കേപറമ്പില്‍ ജിതേഷ്. കുട്ടിയുടെ ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. അനിലയ്ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്.
ഇരുവരെയും മേപ്പാടി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യ നില വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അമ്മയെയും മകനെയും വെട്ടിയെ സംഭവത്തില്‍ ജിതേഷിനെ കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മേപ്പാടി എസ് ഐ വിപി സിറാജിന്റെ നേതൃത്വത്തിലാണ് ജിതേഷിനെ അറസ്റ്റുചെയ്തത്.
ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലെ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമായി സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.


