ആലപ്പുഴ: ഗൗരിയമ്മ പാര്‍ട്ടിവിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ആ കാരണത്തിന്റെ അടിസ്ഥാനം തേടി പോയാല്‍ പലതും പറയേണ്ടിവരുമെന്നും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം. മുന്‍ മന്ത്രി ജി.സുധാകരന്റെ മോദി പ്രശംസയ്ക്കും ആലപ്പുഴയില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്ന പരാമര്‍ശത്തിനുമെതിരെ സുധാകരനെ പരോക്ഷമായി ഉന്നംവെച്ചായിരുന്നു സലാമിന്റെ പ്രതീകരണം. ഒരു പാര്‍ട്ടിയില്‍ നില്‍ക്കുകയും ആ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി എതിരാളിക്ക് ഗുണമുണ്ടാക്കുന്ന വര്‍ത്തമാനം പറയുന്നതും ഒരുതരത്തില്‍ പൊളിറ്റിക്കല്‍ ക്രിമിനലിസമാണെന്ന് സലാം വിമര്‍ശിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പാര്‍ട്ടി കോട്ടകളില്‍ പോലും വോട്ട് ചോര്‍ന്നുവെന്നും പുന്നപ്രയിലെ തന്റെ ബൂത്തില്‍ പോലും ഇടതു സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത് പോയി എന്നുമായിരുന്നു സിപിഐഎം നേതൃത്വത്തിനെതിരായ ജി സുധാകരന്റെ പരാമര്‍ശം. പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ കൈയ്യിലാണ് ആലപ്പുഴയിലെ മാധ്യമങ്ങളെന്നും കഴിഞ്ഞദിവസം ജി.സുധാകരന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അമ്പലപ്പുഴ കായംകുളം നിയോജകമണ്ഡലങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണവും സുധാകരന് ഉന്നയിച്ചിരുന്നു.


