തൊടുപുഴ: ചിന്നക്കനാല്‍ നടുപ്പാറയില്‍ എസ്റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസ് (40), തൊഴിലാളി മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ തോട്ടം സൂപ്പര്‍വൈസര്‍ കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിന് (36) അറസ്റ്റില്‍. മധുരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തേനി വഴി പഴനിക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ബോബിന് പിടിയിലായത്. ബോബിനായി വയനാട്ടിലും തമിഴ്നാട്ടിലും പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ബുധാനാഴ്ച്ച രാത്രി ഒന്‍പതോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളുടെ ഇടതു കൈയ്ക്ക് പരുക്കുണ്ട്.
പ്രതിയെ സഹായിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ചേരിയാര്‍ കറുപ്പന് കോളനി സ്വദേശി ഇസ്രബേല്‍ (30) ഭാര്യ കപില (23) എന്നിവര്‍ റിമാന്‍ഡിലാണ്. തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെന്‍ (കൈതയില്‍) ജേക്കബ് വര്‍ഗീസിന്റെ (രാജേഷ്) മൃതദേഹം ഏലത്തോട്ടത്തിലും, തൊഴിലാളി ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യയുടെ മൃതദേഹം ഏലം സ്റ്റോറിലുമാണ് കണ്ടെത്തിയത്. ജേക്കബിന്റെ നെഞ്ചില്‍ വെടിയേറ്റിരുന്നു. മുത്തയ്യയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.


