കോട്ടയം: ക്നാനായ യാക്കോബായ സഭ മെത്രാപ്പോലീത്ത ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്തു. അന്ത്യോക്യാ പാത്രയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മെത്രാപ്പോലീത്തയെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയന് ബാവ സസ്പെന്‍ഡ് ചെയ്തത്. സഭാ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടികാട്ടി ഇദ്ദേഹത്തിന്റെ ആര്‍ച്ച് ബിഷപ് പദവി മുമ്പ് പാത്രയര്‍ക്കീസ് എടുത്തു കളഞ്ഞിരുന്നു.
യു.എസ്.എയിലെ ക്നാനായ ഇടവകകളില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് പാഷന് വീക്ക് ശുശ്രൂഷ നടത്താന്‍ അനുമതി ലഭിച്ചതിലെ ശ്രദ്ധക്കുറവും നിഷ്ക്രിയത്വവും സംബന്ധിച്ച് തൃപ്തികരമായി വിശദീകരണം നല്കാന് കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ കാതോലിക്കമാര്ക്ക് സ്വീകരണം നല്കിയതിനെക്കുറിച്ചുള്ള വിശദീകരണവും തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി
ഒരു മെത്രാപ്പോലീത്ത എന്ന നിലയിലുള്ള എല്ലാ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നീക്കുകയും സസ്പെന്ഷന് കാലയളവില്‍ പൗരോഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും ചുമതലകളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ കുര്യാക്കോസ് മാര്‍ സേവോറിയോസില്‍ നിന്ന് സഭ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. സസ്പെന്‍ഷനെതിരെ വിശ്വാസികള്ക്കടയില് പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.


