കൊല്ലം ആര്യങ്കാവില്‍ മായം കലര്‍ത്തിയ പാല് പിടികൂടിയ സംഭവത്തില്‍ പാല് സൂക്ഷിച്ചിരുന്ന ടാങ്കറില്‍ ചോര്‍ച്ച. ടാങ്കറിന്റെ ആദ്യത്തെ കമ്പാര്‍ട്ട്മെന്റാണ് ചോര്‍ന്നത്. കമ്പാര്‍ട്ട്മെന്റില്‍ പ്രഷര്‍ നിറഞ്ഞതാണ് കാരണമെന്നാണ് നിഗമനം. ഇതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ചെന്ന ഉടമകളുടെ വാദം പൊലീസ് നിഷേധിച്ചു.
ഫെര്മെന്റേഷന് പ്രക്രിയയുടെ ഭാഗമായി പാല് തൈരാകുന്നതു കൊണ്ടാണ് ചോര്‍ച്ച ഉണ്ടാകുന്നത്. കഴിഞ്ഞ 6 ദിവസമായി 15300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി തെന്മല സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല് ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല് കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. KL 31 L 9463 എന്ന ലോറിയില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍.
പന്തളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാമിലേക്ക് എത്തിച്ചതാണ് പാലെന്നു ലോറി ഡ്രൈവര്‍ വിശദമാക്കിയത്. നേരത്തെ സാംപിള്‍ വൈകി ശേഖരിച്ചു പരിശോധിച്ചതിനാല്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമോയെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പിടികൂടിയ പാലിലെ മായം പരിശോധിക്കുന്നതില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വിശദമാക്കിയിരുന്നു. ക്ഷീര വികസന വകുപ്പിന്റെ അദ്യ പരിശോധന നടന്നത് താത്കാലിക ലാബിലാണ്. ഈ പരിശോധനയിലെ ഫലം അല്ല എന്‍എബിഇല്‍ അക്രഡീറ്റേഷന്‍ ഉള്ള ലാബില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത്.


