കോഴിക്കോട് : മിശ്രവിവാഹിതയും പട്ടിക ജാതിക്കാരിയുമായ വനിതക്ക് സീനിയോറിറ്റി, വിദ്യാഭ്യാസ യോഗ്യത, ജാതിസംവരണം, വയസ്, മുന്‍ഗണന എന്നിവയുടെ അടിസ്ഥാനത്തില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിധേയമായി ജോലി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ക്കും എംപ്ലോയ്മെന്റ് ഡയറക്റ്റര്‍ക്കുമാണ് ഉത്തരവ് നല്‍കിയത്.
കോഴിക്കോട് ചേവായൂര്‍ മണക്കാട്ടുകുഴിയില്‍ എം.കെ. ഷൈലജക്ക് ജോലി നല്‍കണമെന്നാണ് ഉത്തരവ്. 1992 ല്‍ കോഴിക്കോട് എംപ്ലോയ്മെന്റ് ഓഫിസില്‍ പരാതിക്കാരി പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. പട്ടികജാതിക്കാരിയായ പരാതിക്കാരി മറ്റൊരു സമുദായത്തിലുള്ള വ്യക്തിയെ 1995 ല്‍ വിവാഹം കഴിച്ചു. മിശ്രവിവാഹിതയാണെന്ന സര്‍ട്ടിഫിക്കേറ്റ് എംപ്ലേയ്മെന്റ് എക്സ്ചേഞ്ചില്‍ നല്‍കിയെങ്കിലും 46 വയസായ തനിക്ക് ജോലി നല്‍കിയില്ലെന്ന് ഷൈലജ കമ്മീഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.

