കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും ഉണ്ടായ അക്രമങ്ങളില്‍ പൊലീസ് മേധാവിയെ വിമര്‍ശിച്ച് പോസ്റ്റിട്ട ഉദ്യോഗസ്ഥന് സസ്പെന്ഷന്. അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസിന്റെ വീഴ്ച വലിയ ചര്‍ച്ചയായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ജില്ലാ പൊലീസ് മേധാവിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിലെ ഉമേഷ് വള്ളിക്കുന്നിനെയാണ് ക്രൈംബ്രാഞ്ച് കോഴിക്കോട് എസ്പി പി.ബി.രാജീവ് സസ്പെന്‍ഡ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ അച്ചടക്ക ലംഘനമുണ്ടായെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വീസിലിരിക്കെ പൊലീസുദ്യോഗസ്ഥന് ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത് വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

