തിരുവനന്തപുരം∙ കൊല്ലത്തെ ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരായ സമരം തുടരും. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ സമരസമിതിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഖനനം നിർത്തിവയ്ക്കണമെന്ന നിലപാടിൽ സമരസമിതി ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
ഖനനം കൊണ്ട് നാട്ടുകാർക്കു ഗുണമില്ല. അറിയാത്ത കാര്യങ്ങളാണു മന്ത്രി പറയുന്നത്. മന്ത്രി ആലപ്പാട്ടേക്കു നേരിട്ടുവന്നു സ്ഥിതി മനസ്സിലാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഒരു മാസത്തേക്ക് സീ വാഷിങ് നിർത്തിവയ്ക്കാമെന്ന സർക്കാർ നിലപാടും സമരസമിതി തള്ളി. ഇൻലാൻഡ് വാഷിങ് തുടരും. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ് സീ വാഷിങ് നിർത്തിവയ്ക്കാൻ തീരുമാനമായത്.


