വയനാട്: രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയില്‍ നിന്ന് വന്‍ ആയുധശേഖരം പിടി കൂടി. മലപ്പുറം കാളികാവ് സ്വദേശിയില്‍ നിന്നാണ് ആയുധശേഖരം പിടിച്ചത്. താഴേക്കോട് മാട്ടറക്കല്‍ പട്ടണം വീട്ടില്‍ അബ്ദുള്‍ മനാഫിനെ കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്നുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്. പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാത്ത തോക്ക്, 59 ഓളം തിരകള്‍, തിരയില്‍ നിറക്കുന്ന ഈയം ഉണ്ടകളുടെ അര കിലോ വരുന്ന 3 പാക്കറ്റുകള്‍, 5 കത്തികള്‍, വടിവാള്‍ മുതലായവ കണ്ടെടുത്തു. 13 വര്‍ഷക്കാലം വിദേശത്തായിരുന്ന പ്രതിക്ക് നാട്ടിലിപ്പോള്‍ റബര്‍ ടാപ്പിംഗാണ്.പാരമ്ബര്യമായി കിട്ടിയെന്ന് പറയുന്ന തോക്കിന് ലൈസന്‍സില്ല. തിരകള്‍ സുഹൃത്തിനൊപ്പം പോയി കോയമ്ബത്തൂരില്‍ നിന്ന് വാങ്ങിയതാണെന്ന് പ്രതി വനപാലകരോട് സമ്മതിച്ചു. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേട്ടയാടാനാണ് തോക്കും തിരകളും മറ്റു ആയുധങ്ങളും ഉപയോഗിക്കുകയെന്ന് ഇയാള്‍ പറഞ്ഞു.
അതേസമയം, പ്രതിയുടെ വീട്ടില്‍ നിന്ന് വേട്ടയാടിയ മൃഗങ്ങളുടെ ഇറച്ചിയും മറ്റും ലഭിക്കാത്തതിനാലും, കണ്ടെടുത്ത ആയുധങ്ങള്‍ സംശയങ്ങള്‍ക്കിടയാക്കുന്നതിനാലും പ്രതിയെ പൊലീസിന് കൈമാറുന്നതായി കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ രാകേഷ് പറഞ്ഞു. ആയുധങ്ങളും, വെടിക്കോപ്പുകളും കൈവശം വച്ച കുറ്റത്തിന് മേല്‍, കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇയാളെ പെരിന്തല്‍മണ്ണ പൊലീസിന് കൈമാറി.