തിരുവനന്തപുരം: നിക്ഷേപം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകൾ കാര്യമായ ഗുണം ഉണ്ടാക്കിയില്ലെന്ന് വിവരാവകാശ രേഖകൾ. 10 വർഷത്തിനിടെ നടത്തിയ 25 വിദേശയാത്രകളിൽ ഒന്നിലും നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചതായി വിവരമില്ലെന്ന് വ്യക്തമായി. കോടികളുടെ നിക്ഷേപ വാഗ്ദാനം ഉണ്ടായെന്ന് നിയമസഭയെ അറിയിച്ചത് പാഴ്വാക്ക് മാത്രമാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. യുഎഐ സര്‍ക്കാർ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നതും പൊങ്ങച്ചം മാത്രമാണ്. നിക്ഷേപം തേടി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ 25 വിദേശ യാത്രകളിൽ കേരളത്തിൽ നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചതായി വിവരമില്ലെന്നാണ് വ്യവസായവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.
കോടികൾ ചെലവിട്ട മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ കൊണ്ട് എന്ത് ഗുണമുണ്ടായി എന്ന ചോദ്യത്തിന് വിവരവകാശപ്രകാരം കെഎസ്ഐഡിസി നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബാഗങ്ങളെ ഉള്‍പ്പെടെ കൂട്ടി നടത്തിയ ഒരോ വിദേശയാത്രക്ക് ശേഷവും കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ എല്ലാം പാഴ്വാക്കുകളായിരുന്നുവെന്ന് ഇതോടെ വ്യക്തമായി.
2106 മുതല്‍ 2025 വരെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ സംബന്ധിച്ചായിരുന്നു വ്യവസായവകുപ്പിനോട് വിവരങ്ങള്‍ ആരാഞ്ഞത്. കേരളത്തിലേക്ക് വിദേശനിക്ഷേപം കൊണ്ടു വരാന്‍ നടത്തിയ ചില യാത്രകളില്‍ ഭാര്യയും മകളും കൊച്ചുമകനുമൊക്കെ കൂടെയുണ്ടായിരുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ച രാജ്യങ്ങൾ യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്, ദക്ഷിണ കൊറിയ, ഫിന്‍ലാന്റ്, നോര്‍വേ, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, ബഹറൈന്‍, നെതര്‍ലന്റ്സ് എന്നിവയാണ്. ഇതില്‍ അമേരിക്ക ഒഴിച്ചുള്ളതെല്ലാം ഖജനാവില്‍ നിന്ന് കോടികൾ ചെലവിട്ട് നടത്തിയ ഒദ്യോഗിക യാത്രകളാണ്. കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടു വരാന്‍ എന്ന പേരിലായിരുന്നു ഈ യാത്രകൾ എല്ലാം. ബിസിനസ് സമ്മിറ്റ്, റോഡ് ഷോ, നിക്ഷേപക ഉച്ചകോടി, അങ്ങിനെ എല്ലാം കേമമായി നടത്തി.


