കൊച്ചി: ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻ്റെ പൂര്‍ണ പിന്തുണയോടെ ആണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചെത്തിയതെന്ന് ഔദ്യോഗിക പക്ഷം. എന്നാല്‍ നേതൃമാറ്റമുള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് മറുപക്ഷത്തിൻ്റെ വാദം. കേന്ദ്രമന്ത്രി വി. മുരളീധരന് ഇടപെട്ടാണ് ഭിന്നത രൂക്ഷമായപ്പോള്‍ പ്രേശ്നങ്ങൾ ഒത്തുതീർപ്പാക്കിയതും തുടർന്ന് നേതാക്കളെല്ലാം പാര്‍ട്ടി പരിപാടികളില്‍ സജീവമായതും ഇതോടെ ഔദ്യോഗിക വിഭാഗത്തിന് കരുത്തായി.
കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുട്ടില്‍ മരംമുറി നടന്ന സ്ഥലം സന്ദര്‍ശിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എന്നിവരുമായി കെ. സരേന്ദ്രന് നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ഒട്ടേറെ സമരപരിപാടികള്‍ക്ക് രൂപംനല്കുകയും ചെയ്തു. 10ന് നടന്ന പ്രതിഷേധ പരിപാടികൾ സുരേന്ദ്രന് പക്ഷത്തിന് ആശ്വാസമാകുകയും ചെയ്തു.
കേരള ഘടകത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് നേതൃമാറ്റമില്ലെന്നതിൻ്റെ സൂചനയാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. അതിനിടെ ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ സര്‍ക്കാര്‍ വേട്ടയ്ക്കെതിരെ ഇന്ന് തിരുവനന്തപുരത്ത് ധര്‍ണ നടത്തും. മരംമുറിക്കെതിരെ നാളെ സംസ്ഥാനത്തെ മുഴുവന്‍ കേന്ദ്രങ്ങളിലും ധര്‍ണ സംഘടിപ്പിക്കാനാണ് തീരുമാനം.