തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽ നിന്ന് പണ്ഡിറ്റ്സ് കോളനിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടു പോയി കരൾ രോഗത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലെനിൻ ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 67 കാരനായ ലെനിൻ രാജേന്ദ്രന് രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു.
തുടർന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മർദ്ദം കുറഞ്ഞതുമാണ് മരണകാരണം. രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കൽ കോളേജിൽ എംബാം ചെയ്ത ശേഷമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും പൊതുദർശനം ഉണ്ടാകും. നാളെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ചികിത്സാചെലവ് അടയ്ക്കുന്നതിന്റെ പേരിൽ മൃതദേഹം വിട്ട് നൽകാൻ ആശയക്കുഴപ്പം ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

