കൊച്ചി: സിപിഎം വിട്ട് കോൺഗ്രസിലെത്തിയ അയിഷ പോറ്റി വർഗവഞ്ചക തന്നെയെന്ന് സിപിഎം നേതാവ് തോമസ് ഐസക്. സിപിഎം ആണ് ശരി. സിപിഎമ്മിലേക്ക് വരുന്നവർ ശരിയായ പാതയിലും വിട്ടുപോകുന്നവർ തെറ്റായ വഴിയിലുമാണെന്നും തോമസ് ഐസക് പറഞ്ഞു. അയിഷ പോറ്റിക്ക് പാർട്ടിയിൽ അവഗണനയുണ്ടായില്ലെന്നും തോമസ് ഐസക്.
ഇത്രയും നന്നായി, കുറേ കഠിനാധ്വാനം ചെയ്ത് മൂന്ന് തവണയും എന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ചെയ്ത് തീര്‍ത്തു. ഇറങ്ങി കഴിയുമ്പോള്‍ എനിക്ക് ഒരു സ്പേസുമില്ല എന്ന് പറയുമ്പോള്‍ എന്ത് ഭാഷയാണ് അതില്‍ പറയേണ്ടത് – ഐഷ പോറ്റി ചോദിച്ചു.ഒരു തവണ മത്സര രംഗത്തു നിന്ന് മാറ്റിനിർത്തുന്നതാണോ അവഗണനയെന്നും തോമസ് ഐസക്. എൽഡിഎഫ് വിടില്ലെന്ന് ജോസ്. കെ മാണിയും റോഷി അഗസ്റ്റിനും പറഞ്ഞിട്ടുണ്ട്. എസ്. രാജേന്ദ്രൻ ബിജെപിയിൽ പോയിട്ടില്ല. പക്ഷേ പത്രവാർത്തകൾ കാണുന്നു. അങ്ങനെ ചില അപചയങ്ങളുണ്ടാകുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
അതേസമയം, തന്നെ വർഗവഞ്ചക എന്ന് വിളിക്കുന്നവർ മറ്റു പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന സരിൻ്റെയും ശോഭനാ ജോർജിന്റേയും കാര്യമോർക്കണമെന്ന് അയിഷാ പോറ്റി പ്രതികരിച്ചു. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കേരള പ്രദേശ് ഗാന്ധിദർശൻ പരിപാടിയിൽ അയിഷാ പോറ്റി പറഞ്ഞു.


