പഴനി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ്. പഴനി പൊലീസ് വേട്ടയാടുകയാണെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഡിണ്ടിഗല്ലിലുള്ള സഹോദരിയേയും ഭര്‍ത്താവിനേയും പൊലീസ് ക്രൂരമായി മര്‍ദിച്ചു. പൊലീസിനെതിരെ പരാതി നല്കിയതിനുള്ള പ്രതികാര നടപടിയാണിതെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
പ്രതികള്‍ക്ക് പൊലീസിന്റെ പിന്തുണയുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളെ കൊന്നാലും ആരും ചോദിക്കാന്‍ വരില്ലെന്നാണ് പറഞ്ഞത്. ഭാര്യയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞു. സംഭവ ശേഷം ഡിണ്ടിഗല്ലിലുള്ള സഹോദരിയുടെ വീട്ടിലേക്കാണ് പോയതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
അതിന് ശേഷമാണ് പരാതി നല്കാന് പോയതും നാട്ടിലേയ്ക്ക് തിരിച്ചതും. ഇതിന് പിന്നാലെയാണ് ചേച്ചിയേയും ഭര്‍ത്താവിനേയും പൊലീസ് കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് മര്‍ദിച്ചു. സഹോദരിക്ക് ടോയ്ലറ്റില് പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ട്. തങ്ങള്‍ നേരിടുന്നത് ഗുരുതര അനാസ്ഥയാണെന്നും കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ പത്തൊന്‍പതിനാണ് സംഭവം നടന്നത്. പഴനിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ യുവതിക്കും ഭര്‍ത്താവിനും നേരെയാണ് അതിക്രമമുണ്ടായത്. സ്ത്രീയെ തട്ടിക്കൊണ്ടു പോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു യുവതിക്ക് നേരെയുള്ള ക്രൂരത. ഗുരുതരമായി പരുക്കേറ്റ യുവതി തിരിച്ച് നാട്ടില്‍ എത്തിയ ശേഷമാണ് ചികിത്സ തേടിയത്.


